ശബരിമല സ്വര്‍ണക്കൊള്ള ; മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും.

ആറന്മുള മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെ നീക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തിയത്. അതേസമയം,ശബരിമല സ്വർണക്കൊള്ള കേസിലെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ.

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിക്കുന്നതിനിടെ ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!