ഒഡീഷയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

ഒഡീഷയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് 10 രോഗികള്‍ വെന്തുമരിച്ചു. ഒഡീഷ കടകിലെ എസ്‌സിബി മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 11 ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രോഗികളെ രക്ഷിക്കുന്നതിനിടയിലാണ് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റതെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പത്ത് രോഗികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

ഒഡീഷയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ് എസ്‌സിബി ആശുപത്രി. സംഭവത്തിന് പിന്നാലെ തന്നെ ആരോഗ്യ മന്ത്രി മുകേഷ് മഹലിങ്ങിനൊപ്പം ഒഡീഷ മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു. ’23 രോഗികളെ മറ്റ് ഡിപ്പാര്‍ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ഐസിയുകളിലേക്കും വാര്‍ഡുകളിലേക്കും മാറ്റുന്നതിന് ഇടയിലാണ് ഏഴ് ഗുരുതര രോഗികള്‍ മരിച്ചത്. മറ്റ് മൂന്ന് രോഗികള്‍ പിന്നീടും മരിച്ചു’, മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!