കടുത്ത ചൂട്; എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!