വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; ചര്‍ച്ച അനിശ്ചിതത്വത്തില്‍

വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുഎസിനോട് ഇറാന്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് സേന പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ഇറാന്റെ കീഴടങ്ങല്‍ പ്രതീക്ഷിക്കേണ്ട എന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാന്‍ നല്‍കിയിട്ടില്ലെങ്കിലും ഹോര്‍മൂസിലെ ഇടപെടലില്‍ ഇറാന്‍ കടുത്ത അതൃപ്തിയിലാണ്. അമേരിക്കയുടെ നടപടിയില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു.

വെടിനിര്‍ത്തലിന് ഇടയിലും ഇറാന്റെ കപ്പലുകള്‍ക്ക് അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നുമാണ് നിലപാട്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇറാന്‍ പ്രസിഡന്റും തമ്മിലും പാക് – ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലും പാകിസ്ഥാനിലെ ഇറാന്‍ അംബാസഡര്‍ വഴിയും പാക് സൈനിക മേധാവി അസീം മുനീര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചുമെല്ലാം സമാധാന ചര്‍ച്ച നടത്താനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഹോര്‍മുസിലെ നാവിക ഉപരോധം ചര്‍ച്ചയ്ക്ക് പ്രതിബന്ധമാകുമെന്ന് പാകിസ്ഥാന്‍ അമേരിക്കയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസില്‍ അമേരിക്ക തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാല്‍ ഒഴിവാക്കിയെന്നും ഇറാന്‍ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത യുഎസ് നടപടി കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ നേതൃത്വം വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!