പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കളക്ടർ

കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും, അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയൽ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, കൊയിലാണ്ടി സ്‌ട്രോങ് റൂമിന് സമീപം വരണാധികാരി പോയ സംഭവത്തിൽ വിശദീകരണം തേടുമെന്ന് കളക്ടർ അറിയിച്ചു. സ്‌ട്രോങ് റൂമിന്റെ ഇന്നർ പെരിമീറ്ററിനകത്ത് പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായും, ഇനി മുതൽ ആരെയും സ്‌ട്രോങ് റൂം പരിസരത്തേക്ക് കടത്തിവിടരുതെന്ന് കേന്ദ്രസേനയ്ക്ക് നിർദേശം നൽകിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന റൂമുകളിൽ ഒന്ന് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ തുറന്നത്. പ്രധാന സ്ഥാനാർത്ഥികളുടെ ഏജൻ്റുമാരെ അറിയിച്ച ശേഷമായിരുന്നു റൂം തുറന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയ റിട്ടേണിംഗ് ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അട്ടിമറി ആരോപിച്ച് കോൺഗ്രസ് ലീഗ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!