വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ അനുമതി; രണ്ടു പേർ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്‌

വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട്‌ പുറത്ത്. മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം. രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്. കഴിഞ്ഞ ഫെബ്രുവരി 16നാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരിച്ചത്.

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷ ബാധ കണ്ടെത്തിയിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരു പോലെ കഴിച്ചത് മീൻ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളവും പരിശോധിച്ചു. ഇവയിലൊന്നും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ബാക്റ്റീരിയ കണ്ടെത്താനായില്ല. മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചു. എന്നാൽ സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മീൻ മുട്ടയിലെ മറൈൻ ടോക്സിൻ ആകാം കാരണമെന്നാണ് നി​ഗമനം. പാളയം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം കെമിക്കൽ ലാബിൽ ഇല്ല.

ഹോട്ടലിലെ വെള്ളം, ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ്, FSSAI ലൈസൻസ്, ഭക്ഷ്യ വസ്തുക്കൾ വാങ്ങിയ ബില്ലുകൾ എല്ലാം കൃത്യമാണ്. ഈ സാഹചര്യത്തിൽ ഹോട്ടൽ തുറക്കാൻ അനുമതി നൽകാമെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, കുടുംബം കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ സാമ്പിൾ കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!