
തിരുവനന്തപുരം: ഉപനിഷത്തുക്കളും ഭഗവദ്ഗീതയും ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികളുടെ വിവർത്തനവും വ്യാഖ്യാനവും നിർവഹിച്ച ഗ്രന്ഥകാരനും വർക്കല ശ്രീനാരായണഗുരുകുലം അധ്യക്ഷനുമായ മുനി നാരായണപ്രസാദ് സ്വാമികളുടെ സമാധിയില്‍ കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് അഗാധമായി അനുശോചിച്ചു.

പി.ഡബ്ലു.ഡി.യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസപ്രവർത്തനത്തിൽ മുഴുകി വർക്കല ഗുരുകുലത്തിൽ നടരാജഗുരുവിന്റെ ശിഷ്യനായ അദ്ദേഹത്തെ ‘സൗന്ദര്യലഹരി’ എന്ന കൃതിയുടെ വിവർത്തനത്തിന് 2015 ൽ കേരള സാഹിത്യഅക്കാദമി വിവർത്തനത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച് 2024 ൽ രാജ്യം പദ്മശ്രീ പുരസ്കാരവും നല്കി ആദരിച്ചിരുന്നു.

മുഡ്ണകോപനിഷത്ത്,മാണ്ഡൂക്യോപനിഷത്ത്,കേനോപനിഷത്ത്,തൈത്തീരിയോപനിഷത്ത്,ചാന്ദോഗ്യോപനിഷദ്,പ്രശ്‌നോപനിഷത്ത്, ഐതരേയോപനിഷത്ത്, കഠോപനിഷത്ത്, ഈശാവാസ്യോപനിഷത്ത്, ശ്വേതാശ്വതരോപനിഷത്ത്, മുണ്ടകോപനിഷത്ത്, സൗന്ദര്യലഹരി, യുവദര്‍ശനം, ഏകലോകസാമ്പത്തികദര്‍ശനം ഒരു മാര്‍ഗരേഖ, ശ്രീനാരായണഗുരുദേവ കൃതികള്‍ സ്കൂള്‍പാഠങ്ങള്‍, മനസ്സ് വാസിഷ്ടത്തില്‍ തുടങ്ങി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കൃതികളിലൂടെ വൈജ്ഞാനികസമൂഹത്തിന് അറിവിന്റെ പ്രകാശംപരത്തിയ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.


