‘മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല’; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തൊടുപുഴയില്‍ പോസ്റ്റര്‍. മുഖ്യമന്ത്രിയാകാന്‍ വ്യാമോഹിക്കേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്റര്‍. ആശിര്‍വാദ് തിയേറ്റര്‍, ബസ് സ്റ്റാന്റ് പരിസരങ്ങളിലായാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

”പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെപ്പോലുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല” എന്നാണ് പോസ്റ്ററില്‍ പറയുന്നത്. നിയുക്ത മുഖ്യമന്ത്രിയെന്ന് സതീശനെ വിശേഷിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൊടുപുഴയില്‍ സതീശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നത്.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പോസ്റ്റര്‍. കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിപാട് നേര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍കുമാറാണ് വഴിപാട് നേര്‍ന്നത്. പാലക്കാട് ഏമൂല്‍ ഹേമാംബിക ക്ഷേത്രത്തിലായിരുന്നു വഴിപാട്.

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!