ശക്തമായ മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 18നും 25നും ഇടയ്ക്ക് കേരള തീരത്ത് എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഈ മാസം പകുതിയോടെ വേനല്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയര്‍ന്ന താപനിലയില്‍ നിന്നും പെട്ടന്ന് മഴയിലേക്ക് മാറുന്നതിനാല്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ജൂണ്‍ ഒന്നിനോടനുബന്ധിച്ചാണ് സാധാരണ കാലവര്‍ഷം എത്താറുള്ളത്.

രാജ്യത്ത് വേനല്‍ മഴ മെയ് മാസത്തെ ശരാശരിയേക്കാള്‍ കുടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മെയ് മാസത്തില്‍ ലഭിക്കുന്ന ദീര്‍ഘകാല ശരാശരി മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ ലഭിച്ചക്കും. കൊടുംചൂടില്‍ വലയുന്ന രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും വേനല്‍ മഴ ആശ്വാസമാകും. ഗുജറാത്ത് മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗദിനങ്ങള്‍ വര്‍ധിച്ചേക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ ആറ് വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ കൂടിയേക്കും. അതേസമയം കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും സാധാരണയേക്കാള്‍ കുറവ് മഴയേ ലഭിക്കൂ. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍താപനില സാധാരണ നിലയിലോ, അതില്‍ താഴെയോ ആയിരിക്കും. ഹിമാലയന്‍ താഴ് വരകള്‍, കിഴക്കന്‍ തീരപ്രദേശങ്ങള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഉഷ്ണതരംഗദിവസങ്ങള്‍ വര്‍ധിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്രമഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും കാര്‍ഷിക വിളകളുടെ നാശത്തിനും കാരണമായേക്കും. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും പ്രാദേശിക കാലാവസ്ഥ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!