കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ശുഭപ്രതീക്ഷയിലാണെന്ന് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാം രാഷ്ട്രീയ ശക്തിയായി എന്‍ഡിഎയെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും അപ്രതീക്ഷിത സീറ്റുകളില്‍ ബിജെപി വിജയമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നുവെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വര്‍ണക്കൊള്ളയും ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയും ചര്‍ച്ചയായെന്നും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍ പറഞ്ഞു. പത്ത് വര്‍ഷം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഭരണം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയെന്നും അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആശങ്കയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നവകേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രാത്രിയോടെ എത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ എന്നിവരും നാളെ തിരുവനന്തപുരത്തെത്തും. വോട്ടെണ്ണല്‍ ദിവസം പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേതാക്കള്‍ക്ക് വോട്ടെണ്ണല്‍ വീക്ഷിക്കാന്‍ ഇന്ദിര ഭവനില്‍ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.

