താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരുക്ക്

മലപ്പുറം താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2 കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മഹീന്ദ്ര ഥാര്‍ കാറാണ് അപകടത്തിൽ പെട്ടത്.

തുണിക്കടയുടെ മുൻവശത്തെ ചില്ല് തകര്‍ത്ത് കടയ്ക്ക് അകത്തേക്ക് കയറിയാണ് കാര്‍ നിന്നത്. കടയ്ക്കും വാഹനത്തിനും കേടുപാടുണ്ടായി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേർക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ട് പേരെ വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്കുകൾ ​ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!