ഡ്രൈവിംഗ് ടെസ്റ്റിൽ സമരം ; ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് നീക്കം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ സർക്കാർ രംഗത്തിറങ്ങുമ്പോൾ പ്രതിഷേധം ശക്തമാക്കുകയാണ് യൂണിയനുകൾ. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് പുറത്തിറങ്ങിയ സർക്കുലറിലെ നിർദേശങ്ങൾക്കെല്ലാം മൂന്നും ആറും മാസത്തെ ഇളവ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധത്തിൽ ഇളവു വരുത്താൻ യൂണിയനുകൾ തയാറായിട്ടില്ല.

സ്ലോട്ട് ലഭിച്ചവർ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനു പിന്നിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമ്മർദം ഉണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. സ്ലോട്ട് അനുസരിച്ച് ടെസ്റ്റിന് പങ്കെടുത്തില്ലെങ്കിൽ അടുത്ത ടെസ്റ്റിന് 6 മാസത്തിലേറെ കാലതാമസമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഗതാഗതവകുപ്പ് നൽകുന്നത്. സംസ്ഥാനത്തെ 86 ടെസ്റ്റിങ് കേന്ദ്രങ്ങളിൽ 77 എണ്ണവും ഡ്രൈവിങ് സ്കൂൾ ഉടമകൾ വാടകയ്ക്കെടുത്ത ഗ്രൗണ്ടുകളാണ്. അത് അടച്ചിട്ടാണ് പ്രതിഷേധം. ഇതിനെ മറികടക്കാൻ കെഎസ്ആർടിസിയുടെ 24 സെന്ററുകളിൽ ടെസ്റ്റിന് ഗ്രൗണ്ട് സജ്ജമാക്കാൻ നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!