അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നെറിയിപ്പ് നൽകിയിരിക്കുന്നത്. ജൂൺ നാല് വരെയാണ് മഴ മുന്നറിയിപ്പ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!