അയോധ്യയില്‍ ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സ് രാമ ക്ഷേത്ര മ്യൂസിയം ഒരുക്കും. 750 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം നിര്‍മ്മിക്കുക. മ്യൂസിയവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശത്തിന് യുപി സര്‍ക്കാര്‍ അനുമതി നല്‍കി. 750 കോടിയില്‍ 650 കോടിയും അടിസ്ഥാന സൗകര്യവികസനത്തിനും രൂപകല്‍പ്പനയ്ക്കും ഇന്റീരിയര്‍ വര്‍ക്ക്‌സിനുമാണ് ചെലവഴിക്കുക. ശേഷിക്കുന്ന നൂറ് കോടി രൂപ മുടക്കിയാണ് മ്യൂസിയം നിര്‍മ്മിക്കുക. മ്യൂസിയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. 90 വര്‍ഷ പാട്ട കാലാവധി നിശ്ചയിച്ചാണ്് ഭൂമി നല്‍കുക. സരയു നദിക്ക് അരികില്‍ മജ്ഹ ജംതാര ഗ്രാമത്തില്‍ ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള 25 ഏക്കര്‍ ഭൂമിയാണ് രാമ ക്ഷേത്ര മ്യൂസിയത്തിനായി വിട്ടുനല്‍കുക.

മ്യൂസിയം കോംപ്ലക്‌സില്‍ വ്യത്യസ്ത തരത്തിലുള്ള 12 ഗാലറികള്‍ ഉണ്ടാവും. മ്യൂസിയം നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആശയരേഖ അവതരിപ്പിച്ചിരുന്നു. മ്യൂസിയം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക രൂപം നല്‍കുന്നതിന് കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രമുഖ ആര്‍ക്കിടെക്ട് ബൃന്ദ സോമയ്യ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. അയോധ്യയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധമാണ് ക്ഷേത്ര മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. മ്യൂസിയം നിര്‍മ്മിക്കാന്‍ താത്പര്യം കാണിച്ച് ടാറ്റ സണ്‍സ് കേന്ദ്രത്തിന് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. കേന്ദ്രംകൈമാറിയ പദ്ധതി നിര്‍ദേശത്തിനാണ് ഇപ്പോള്‍ യുപി സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
