അര്‍ജുനായി മറ്റന്നാള്‍ വിശദ തിരച്ചില്‍; കൂടുതല്‍ യന്ത്രഭാഗങ്ങള്‍ വടം ഉപയോഗിച്ച് വലിച്ച് പൊക്കിയെടുക്കും; നാളെ തിരച്ചിലില്ല

കര്‍ണാടക ഷിരൂരിനെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. അര്‍ജുന്റെ ലോറിയില്‍ ബന്ധിച്ചിരുന്ന കയര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനമായതിനാല്‍ നാളെ തിരച്ചില്‍ ഉണ്ടാകില്ല. മറ്റന്നാള്‍ മുതല്‍ വീണ്ടും തിരച്ചില്‍ നടക്കും. മണ്ണിനടിയില്‍ കിടക്കുന്ന കയര്‍ ഉള്‍പ്പെടെയുള്ളവ വടം ഉപയോഗിച്ച് ബന്ധിച്ച് വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളാകും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടക്കുക. ഇന്നത്തെ തിരച്ചില്‍ തൃപ്തികരമാണെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. നേവി ഇന്ന് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി പങ്കുവച്ചു.

അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!