ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. അഷ്ടമിരോഹിണി സുദിനത്തിൽ (ആഗസ്റ്റ് 26) ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനമൊരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.ഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും ദേവസ്വം ഭരണ സമിതി മുൻഗണന നൽകുന്നത്. ഭക്തരുടെ സൗകര്യാർത്ഥം അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും.

ഇതിനാൽ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. അഷ്ടമിരോഹിണി നാളിൽ ഭക്തജന തിരക്ക് പരിഗണിച്ച് രവിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. മുതിർന്ന പൗൻമാർക്കുള്ള ദർശനം പുലർച്ചെ നാലര മുതൽ 5.30 വരെയും വൈകിട്ട് അഞ്ച് മണി മുതൽ ആറ് മണി വരെയും മാത്രമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിൽ നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദർശനത്തിന് പൊതുവരി സംവിധാനം മാത്രം നടപ്പിലാക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും.
