ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.

ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നൽകി. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വിൽപന ശാലകളിലും എത്തിക്കും.
പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ് നൽകിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളിൽ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‌ലറ്ററീസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വിലക്കുറവ് നൽകും. 255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകളും ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭ്യമാണ്.
