കവിതയുടെ പുതുകാലം വന്നു; ഇനി സാഹിത്യോത്സവത്തിന്റെ നാളുകൾ

പോത്തൻകോട് : മഴ പെയ്തൊഴിഞ്ഞ സായ്ഹാനത്തിൽ മരങ്ങളുടെ ശീതളശ്ചായയിൽ ഒരു ഒത്തുചേരൽ. സാഹിത്യകാരും കവിയും കലാകാരൻമാരുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആർക്കും അവിടെ പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം അറിയുന്നവർ. വൈകുന്നേരം 5 മണിക്ക് ശാന്തിഗിരി ഫെസ്റ്റ് നഗരിയിലെ ഹാപ്പിനസ് പാർക്കിൽ നടന്ന സാഹിത്യോത്സവത്തിന്റെ വരവേൽപ്പ് വേറിട്ട അനുഭവമായി.

പ്രശസ്ത കവി വിനോദ് വൈശാഖി ‘ കവിതയുടെ പുതുകാലം’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തോടെയായിരുന്നു കവിയരങ്ങിന്റെ ഉദ്ഘാടനം.  ബഹുസ്വരതയിൽ എകത്വത്തിന്റെ ദർശനങ്ങൾ വരച്ചുകാട്ടുന്ന ശാന്തിഗിരിയിൽ ഒരുങ്ങുന്ന സാഹിത്യത്തിന്റെ ഉത്സവവേദി സമാനതകളില്ലാത്ത സാഹിത്യകൂട്ടായ്മ ലോകത്തിന് സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കവിതാരചനയെക്കുറിച്ച് സംസാരിച്ചും കവിത ചൊല്ലിയും നടത്തിയ പ്രഭാഷണം  പതിഞ്ഞത് ആസ്വാദകഹൃദയങ്ങളിലാണ്.

കവിയും  എഴുത്തുകാരനുമായ ജയൻ പോത്തൻകോട് സ്വാഗതം പറഞ്ഞു തുടങ്ങിയ ചടങ്ങിനെ ആസ്വാദനത്തിന്റെ മറ്റൊരുതലത്തിൽ എത്തിച്ചത് ആനന്ദതീർത്ഥൻ അവതരിപ്പിച്ച ‘അഗ്നിപൂജ’ എന്ന കവിതയാണ്.  വി. സുരേശന്റെ നർമ്മകഥയ്ക്കും സതീഷ്ചന്ദ്രൻ പെരുമ്പഴത്തുർ അവതരിപ്പിച്ച കവിതയ്ക്കും ശേഷം  ആനിഫ്രാൻസിസ്  എത്തിയത് ‘ കരിനീലകണ്ണഴകി.’  എന്ന സിനിമാഗാനത്തോടെയായിരുന്നു. പാട്ടിൽ ലയിച്ചിരുന്ന സദസ്സിൽ ഭക്തി നിറയ്ക്കുന്നതായിരുന്നു കെ.ആർ. അനിൽകുമാർ ഇമ്പത്തോടെ ആലപിച്ച ദൈവശതകം.

കോരിച്ചൊരിഞ്ഞ മഴയിൽ ‘കഠോര’ എന്ന കഥയുമായി ഉണ്ണികൃഷ്ണൻ കുണ്ടയത്തും  ‘രണ്ടുതുളളി’ എന്ന കവിതയുമായി  സി.പി,അജയദാസുമെത്തി. മിനി കണിയാപുരം, ചാന്നാങ്കാര ജയപ്രകാശ്,  രജി ചന്ദ്രശേഖർ രാജേഷ്.എസ്. ചൊവ്വര, ചിത്ര മാധവൻ എന്നിവരുടെ കവിതകൾ മികച്ച സന്ദേശങ്ങളായി.

ഗുരുചിന്തനൻ സി.പി. “അപ്പക്കുരുവി” എന്ന കഥ അവതരിപ്പിച്ചു. ഗുരുവൽസയുടെയും കുഞ്ഞുമോൾ ഗുരുനിശ്ചിതയുടെയും കവിതകൾ വേദിയെ ധന്യമാക്കി.  അഭിലാഷ് കുമാർ. വി.വി  ‘ കുഞ്ഞേടത്തി’ എന്ന ഒ.എൻ.വി കവിത ചൊല്ലിക്കഴിഞ്ഞതും ഫെസ്റ്റ് കാണാനെത്തിയ സുനാജിനും പാടാൻ ഒരാഗ്രഹം.  ‘പെങ്ങൾ ‘ എന്ന കവിത മനോഹരമായി  ആലപിച്ചുകൊണ്ട് സുനാജും കവിയരങ്ങിന്റെ ഭാഗമായി.
”ഇല്ലിമുളംകാടുകളിൽ  ലല്ലലം’’  പാടി നൃത്തച്ചുവടുകളോടെ കവിയരങ്ങിന് സമാപനമായി. സംഘാടകരായ കൃപ ജനനിയും ജയപ്രകാശ്. എ യും അനിൽ ചേർത്തലയും ജിതേന്ദ്രരാജും, ഹരീഷ് ‌അടൂരും ബിന്ദുസുനിലും രജ്ഞിത ടിച്ചറുമൊക്കെ സന്ദർകരെ സ്വീകരിക്കാൻ മുൻകൈ എടുത്തതോടെ ഹാപ്പിനസ് ഗാർഡനിൽ അരങ്ങൊരുങ്ങിയത് കവിതയുടെ പുതുകാലത്തിന്  തന്നെയാണ്. ഇനി വരാനിരിക്കുന്നത് സാഹിത്യോത്സവത്തിന്റെ നാളുകൾ.

ഫോട്ടോ : ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് ഹാപ്പിനസ് ഗാർഡനിൽ നടന്ന കവിയരങ്ങ് പ്രശസ്ത കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!