ഇടവയില്‍ പൊന്ന് വിളയിച്ച്  വനിതാ കൂട്ടായ്മകള്‍ ;   വർഷത്തിൽ എല്ലാ ദിവസവും തൊഴിൽ കണ്ടെത്തി വിജയം വരിച്ച് 20 തൊഴിലുറപ്പ് തൊഴിലാളികൾ

തൊഴിലില്ലാത്ത ദിനങ്ങൾ അന്യമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ

ഇടവ : വർഷത്തിൽ എല്ലാ ദിവസവും സ്വന്തമായി തൊഴിൽ കണ്ടെത്തി വിജയം വരിച്ചിരിക്കുകയാണ് 20തൊഴിലുറപ്പ് തൊഴിലാളികൾ. എല്ലാവരും വനിതകൾ. എല്ലാ ദിവസവും തൊഴിലെടുക്കുന്നു. തൊഴിൽ ചെയ്യാതിരിക്കുവാൻ ഇവർക്ക് കഴിയില്ല. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ കൊണ്ട് തൃപ്തിപ്പെടുവാൻ ഇവർ തയ്യാറല്ല. എല്ലാ ദിവസവും തൊഴിൽ ചെയ്യുക എന്ന കൂട്ടായ മോഹത്തിൽ നിന്ന് ഉടലെടുത്ത ആശയമാണ് ഈ വനിതാ കൂട്ടായ്മയുടെ വിജയം. തരിശു ഭൂമിയും, കാടുപിടിച്ചു കിടന്ന ഭൂമിയും, ഭൂവുടമക്ക് പോലും വേണ്ടാതെ കിടന്ന ഭൂമിയും ഏറ്റെടുത്ത് പൊന്ന് വിളയിക്കുകയാണ് ഈ വനിതാ കൂട്ടായ്മ.

കൃഷിക്കൂട്ടങ്ങളുടെ വിത്ത് പാകൽ ചടങ്ങ്

വിസ്തൃതിയിൽ വലുപ്പചെറുപ്പമില്ലാതെ കിട്ടിയതും കിട്ടാവുന്നതുമായ ഭൂമികൾ ഏറ്റെടുത്ത് കൃഷി ചെയ്യുകയാണ് ഇവർ. സൗജന്യ മായാണ് ഭൂവുടമകൾ ഇവർക്ക് വസ്തുക്കൾ വിട്ടു നൽകിയിരിക്കുന്നത്. കിണറും മോട്ടോറും പോലും പലരും വിട്ടുകൊടുത്തിട്ടുണ്ട്. വൈദ്യുതി ചാർജ് മാത്രം ഒടുക്കിയാൽ മതി. തങ്ങളുടെ ഭൂമി വൃത്തിയായി കിടന്നാൽ മതി എന്നാണ് ഭൂവുടമകൾ പറയുന്നത്.10പേർ വീതമുള്ള 2 ഗ്രൂപ്പുകളായാണ് ഇവർ തൊഴിലെടുക്കുന്നത്. തൊഴിലുറപ്പ് പദ്ധതിവഴി ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും ഇവർ തൊഴിൽ ചെയ്യുന്നു. പദ്ധതിവഴി ലഭിക്കുന്ന ദിനങ്ങൾ കുറവാണ് എന്നൊരു പരാതി ഇവർക്കില്ല. ഓരോ സീസണിലും വെവ്വേറെ കൃഷികളാണ് ചെയ്യുന്നത്. പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ, പൂക്കൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പച്ച മുളക്, വെണ്ട, പയർ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങിയവയൊക്കെ കൃഷി ചെയ്യുന്നുണ്ട്. ഭൂമി കിളച്ച് ഇളക്കുന്നതും വിത്തുകൾ പാകുന്നതും നനക്കുന്നതും വളമിടുന്നതും വിളവെടുപ്പ് നടത്തുന്നതും മാർക്കറ്റ് കണ്ടെത്തുന്നതും എല്ലാം ഈ തൊഴിലാളികൾ തന്നെ.

ഇടവ ഗ്രാമ പഞ്ചായത്തിലെ 16-ആം വാർഡിലെ കൃഷിക്കൂട്ടം തൊഴിലാളികൾ ഹലീമാ ബീവിയോടൊപ്പം

ഇടവ ഗ്രാമ പഞ്ചായത്തിലെ 16-ആം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. നന്മ, ചെറുപുഷ്പം എന്നീ 2കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായിട്ടാണ് ഈ കൃഷിക്കൂട്ടം സജീവമാകുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി തന്നെയാണ് ഇവർക്ക് എല്ലാ ദിവസവും കിട്ടുന്നത്. കൃഷി വിളകൾ വിറ്റുകിട്ടുന്ന പണമാണ് കൂലിയായി എടുക്കുന്നത്. ലഭമായി ലഭിക്കുന്ന തുക ബാങ്ക് നിക്ഷേപമായി രണ്ട് കൃഷി ക്കൂട്ടങ്ങളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. വർഷം തോറും ഓണക്കാലം ആകുമ്പോൾ ലാഭവിഹിതം ബോണസായി എല്ലാവർക്കും വീതിച്ചു നൽകും. അപ്പോഴും അടുത്ത കൃഷിക്ക് വേണ്ട കരുതൽ ധനം ബാങ്കിൽത്തന്നെ ഉണ്ടാകും. കഴിഞ്ഞ ഓണക്കാലത് 13 പേർക്ക് പതിനായിരം രൂപ വീതം ബോണസ് ലഭിച്ചു. ശേഷിക്കുന്നവർക്ക് അതിൽ വലിയ കുറവില്ലാതെയും ലഭിച്ചു.

6ഏക്കർ വസ്തുവിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.തൊഴിലുറപ്പ് പദ്ധതി പണിയുള്ള ദിവസങ്ങൾ അതിനായി പോകും. മറ്റുള്ള ദിവസങ്ങളിലാണ് സ്വയം സംരംഭക പണികളിൽ ഏർപ്പെടുന്നത്. സർക്കാരിന്റെ ഭൂവികസന പദ്ധതികൂടി ലക്ഷ്യമാക്കിയുള്ള പ്രവർത്തിയാണ് തങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതെന്ന് ഇവർ പറയുന്നു. ദിവസേന വിളവെടുപ്പ് ലക്ഷ്യമാക്കിയുള്ള കൃഷി രീതിയാണ് ഇവർ അവലംഭിച്ചിട്ടുള്ളത്. ഓരോ ദിവസവും ഇപ്പോൾ 15മുതൽ 25കിലോ വരെ വിളവ് ലഭിക്കാറുണ്ട്. കൃഷിഭവൻ ഏർപ്പെടുത്തിയിട്ടുള്ള കർഷക കൂട്ടായ്മയുടെ മാർക്കറ്റിലും ഇവർ വിളകൾ വില്പനക്ക് എത്തിക്കുന്നുണ്ട്. ഇടവ കൃഷിഭവൻ ജീവനക്കാരും കൃഷി ഓഫീസർ അനശ്വരയും ഇവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ബാലിക്കും, വൈസ് പ്രസിഡന്റ്‌ ശുഭ. ആർ. എസ്. കുമാറും മറ്റ് ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും വേണ്ട സഹായങ്ങൾ നൽകാൻ എപ്പോഴും സന്നദ്ധമാണ്. 16-ആം വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഹർഷാദ് സാബു സർവ്വ പിന്തുണയുമായി എപ്പോഴും ഇവരോടൊപ്പമുണ്ട്. നന്മയുടെ ഗ്രൂപ്പ് ലീഡർ ഗീത ബി യും ചെറുപുഷ്പത്തിന്റെ ഗ്രൂപ്പിൽ ലീഡർ എൻ. ബീനയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കൃഷി കൂട്ടങ്ങളുടെ അടുത്ത സീസണിലെ വിത്ത് പാകലിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ എ. ബാലിക് ഉത്സവാന്തരീക്ഷത്തിൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു.

ഇടവ ഗ്രാമ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങളുടെ വിത്ത് പാകൽ ചടങ്ങ് പ്രസിഡന്റ്‌ എ. ബാലിക് ഉത്ഘാടനം ചെയ്യുന്നു.

ഇടവ കുടുംബരോഗ്യ കേന്ദ്രത്തിനു സമീപം കൊച്ചാഴാന്ത വിളയിൽ വീട്ടിൽ ജെ.ഹലീമ ബീവി എന്ന സംരംഭകയുടെയും തൊഴിലുറപ്പ് തൊഴിലാളിയുടെയും മനസ്സിൽ ഉദിച്ച ആശയം അവർ തന്നെ മുന്നിൽ നിന്ന് പ്രവർത്തികമാക്കിയ ഒരു അനുഭവവും ജീവിതവുമാണ് കൂട്ടാളികളായ വനിതകൾ നെഞ്ചേറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!