തിരുവനന്തപുരം: അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ (ടെക്നോസിറ്റി) തുറന്നു. സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണിത്.പള്ളിപ്പുറം ടെക്നോസിറ്റി കാമ്പസിലെ കബനി കെട്ടിടത്തിലാണ് ട്രാസ്നയുടെ ഓഫീസ് പ്രവര്‍ത്തിക്കുക.മന്ത്രി പി. രാജീവ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാര്‍ പ്രൊഫ എ.മുജീബ് എന്നിവര്‍ പങ്കെടുത്തു.
ടെക്നോപാര്‍ക്കില്‍ ട്രാസ്ന പുതിയ ഓഫീസ് ആരംഭിക്കുന്നത് കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ സെമി കണ്ടക്ടര്‍ മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രാസ്ന.എല്ലാ വ്യവസായങ്ങള്‍ക്കും അഭിവൃദ്ധി പ്രാപിക്കാനുള്ള വിഭവങ്ങള്‍ ടെക്നോസിറ്റിയില്‍ ഉണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്നോസിറ്റി വളര്‍ച്ചയുടെ ഘട്ടത്തിലാണ്. അതിനാല്‍ പ്രവര്‍ത്തന വിപുലീകരണത്തിനായി ശരിയായ സമയത്ത് ശരിയായ സ്ഥലമാണ് ട്രാസ്ന തെരഞ്ഞെടുത്തിരിക്കുന്നത്. കബനി കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ് ടെക്നോസിറ്റിയിലെ ഒരു ആകര്‍ഷണം. സ്പേസ് പാര്‍ക്ക് ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടേക്കര്‍ സ്ഥലത്ത് ഒരുങ്ങുന്ന ട്രാസ്ന ടെക്നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ്. ഇതിന്റെ ആദ്യഘട്ട ബ്ലോക്കിന്റെ നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കും. 2 ലക്ഷം ചതുരശ്ര അടിയിലാണിത്. 2025 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ട്രാസ്ന പ്രതീക്ഷിക്കുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

