തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്.

പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടില്ല.

പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി.പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍നിന്നു ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് വ്യക്തമായത്.

പൊലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

