ശിവഗിരി :പൗരാണിക തീര്‍ത്ഥാടന സങ്കല്പങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി ക്കൊണ്ടാണ് ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു.

മത – ദൈവ – വിദ്യാഭ്യാസ ആധ്യാത്മിക തലങ്ങള്‍ക്ക് ശാസ്ത്രീയമായ ധാരണകള്‍ നല്‍കി ശരിയായ മാര്‍ഗത്തിലേക്ക് ജനതയെ എത്തിക്കുവാന്‍ ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ കഴിയുമെന്ന് ഗുരുദേവന്‍ കണ്ടറിയുകയും ചെയ്തു.

92-ാം ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി ശിവഗിരിമഠ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സമ്മേളനം ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. വര്‍ത്തമാനകാലം നേരിടുന്ന വെല്ലുവിളികളെ തിരുത്തുവാനും മാറ്റുവാനും ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ കഴിയണം.



വിദ്യാഭ്യാസ, ശുചിത്വ, കാര്‍ഷിക, ആരോഗ്യ മേഖലകളുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്ന ചര്‍ച്ചകള്‍ തീര്‍ത്ഥാടന സമ്മേളനത്തിലെ മുഖ്യ വിഷയമാകണമെന്നും ശുഭാംഗാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറിയും ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദ തീര്‍ത്ഥാടന വിശദീകരണം നടത്തി.

കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ശിവഗിരി മഠം പി. ആര്‍. ഒ. ഇ. എം. സോമനാഥന്‍, എസ് ഷാജി (മെഡിക്കല്‍ മിഷന്‍ ആശുപത്രി), പ്രേംചന്ദ്രബാബു, വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു ജെ.നിമ്മി, ബിന്ദു, ഒ. വി. കവിത, സലീന, സിനിമോള്‍, ഗംഗ, സ്മിത തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീലക്ഷ്മി പ്രാര്‍ത്ഥന ചൊല്ലി.


