മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനം.

തിരുവനന്തപുരം : ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയമിച്ചു. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചു.

അവർ അത് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കമ്മിഷന് നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങൾ സർക്കാർ നൽകും. ഭൂനികുതി അടയ്ക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും കോടതി അത് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പി.രാജീവ് പറ‍ഞ്ഞു.

വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. ജുഡീഷ്യൽ കമ്മിഷനെ വച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകുമെന്നും സമരസമിതി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!