വത്തിക്കാൻ സിറ്റി∙ ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും.


വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് 4ന് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കുന്ന ചടങ്ങുകളിൽ ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യകാർമികത്വം വഹിക്കും.

ചടങ്ങിന് മുന്നോടിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവർ മാർപ്പാപ്പയെ സന്ദർശിച്ചു. ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ അറിയിച്ച സംഘം മാർ ജോർജ് കൂവക്കാടിനെ കർദിനാളായി ഉയർത്തിയതിൽ നന്ദിയും അറിയിച്ചു.

ഇന്ത്യ സന്ദർശിക്കണമെന്ന ആവശ്യം മാർപ്പാപ്പയെ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.


