തിരുവനന്തപുരം∙ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് വച്ച് ഒരു നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് കുട്ടികള്‍ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭകെടുത്തുന്ന തരത്തിലുള്ള വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. അതുകൊണ്ടു പ്രസ്താവന ഞാന്‍ പിന്‍വലിച്ചു. ഇനി അതു വിട്ടേക്ക്’’ – മന്ത്രി പറഞ്ഞു.

കലോത്സവത്തിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും കലോത്സവ വേദിയിൽ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി, ആശാ ശരത്, കുമാരി നിഖിലാ വിമൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ആശാ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. കോഴിക്കോട് കലോത്സവത്തിൽ കെ.എസ്.ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്.

കലോത്സവ വേദികളിൽ എത്തുന്ന സെലിബ്രിറ്റികൾ ആ വേദിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയിൽ താൻ പറഞ്ഞ ചില കാര്യങ്ങൾ വാർത്തയായത് ശ്രദ്ധയിൽപ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമർശങ്ങൾ. അതിനാൽ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.

