നടൻ മധുവിന് 89-ാം പിറന്നാൾ, നേരിട്ടെത്തി ആദരിച്ച് മന്ത്രി സജി ചെറിയാൻ

നാളെ ( സെപ്റ്റംബർ 22) 89-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് കണ്ണമ്മൂലയിലുള്ള വസതിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

മലയാള സിനിമയിലെ കാരണവരെന്ന് വിളിക്കാൻ നൂറു ശതമാനം അർഹതയുള്ള നടനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയ്ക്ക് സ്വന്തമായൊരു വിലാസം ഉണ്ടാക്കിക്കൊടുത്ത മഹാരഥന്മാരിൽ ഒരാളാണ് അദ്ദേഹം. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു. 400 ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ജീവസുറ്റതായിരുന്നു. അദ്ദേഹത്തിന്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് ആവിഷ്ക്കരിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിനും കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി ഉപഹാരമായി ഒരു ലക്ഷം രൂപയും ഒപ്പം ലൂമിയർ ബ്രദേഴ്‌സ് രൂപകല്‌പന ചെയ്ത ആദ്യകാല മൂവി ക്യാമറയുടെ മാതൃകയും സമ്മാനിച്ചു. സർക്കാരും ജനങ്ങളും നൽകുന്ന സ്നേഹവും ആദരവും തന്റെ മനസ് നിറച്ചുവെന്ന് നടൻ മധു പ്രതികരിച്ചു. പിറന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് തന്റെ വസതിയിലെത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!