ശിവഗിരി: മാനസിക സംഘര്‍ഷം നേരിടുന്ന വേളകളില്‍ മന:ശാന്തിക്ക് ഗുരുദേവ ദര്‍ശനം ഉള്‍ക്കൊള്ളുന്നതിലൂടെ കഴിയുമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. ഗുരുദേവ കൃതികളായ ദൈവദശകവും, ആത്മോപദേശശതകവും, ദര്‍ശനമാലയുമൊക്കെ പഠിക്കുകവഴി മനുഷ്യനു മനസ്സിനെ നിയന്ത്രിക്കാനാവും. ജപവും ധ്യാനവും നിത്യജീവിതത്തിന്‍റെ ഭാഗമാക്കാനുമാകണം.
. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ഇന്നലെ നടന്ന ഗുരുധര്‍മ്മ പ്രബോധന ത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി.

ധ്യാനത്തിന്‍റെ വഴികളില്‍ നിന്നും ശ്രീനാരായണ ഗുരുദേവന്‍ കണ്ടെത്തി സമൂഹത്തിനു പകര്‍ന്നു നല്‍കിയ ജീവിത മാര്‍ഗം സ്വീകരിക്കുവാന്‍ തയ്യാറാകാതെ ഗുരുക്കന്മാരെ ചോദ്യം ചെയ്യുന്നതിലൂടെ വരെ മനുഷ്യര്‍ എത്തി നില്ക്കുകയാണ്. ഗുരുവാക്യത്തിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി ജീവിക്കുമ്പോള്‍ നമുക്ക് ഗുരുക്കന്മാരെ കുറ്റപ്പെടുത്തേണ്ടി വരില്ലായെന്നും സാന്ദ്രാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍്റ് സച്ചിദാനന്ദ സ്വാമി ആമുഖ പ്രഭാഷണം നടത്തി. അനിലഅജു ആരക്കുന്നം ഗുരുവിന്‍റെ സമന്വയ ദര്‍ശനത്തിലും മോഹനന്‍നായര്‍ തിരുവനന്തപുരം ഗുരുദേവന്‍റെ അദ്ധ്യാത്മ ദര്‍ശനത്തിലും പ്രഭാഷണങ്ങള്‍ നടത്തി. ഗുരുധര്‍മ്മ പ്രചരണ സഭ എക്സി: അംഗം ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി ,സഭ വര്‍ക്കല മണ്ഡലം പ്രസിഡന്‍്റ് സുരേഷ് ബാബു പ്ലാവഴികം എന്നിവര്‍ പ്രസംഗിച്ചു. വിജയലത ഗുരുദേവ കൃതി ആലാപനം നടത്തി.

ഇന്ന് 10 ന് ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്.എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ശ്രീനാരായണ ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍്റ് കെ.കെ ശശിധരന്‍ മുഖ്യപ്രസംഗവും ഗ്ലോബല്‍ ശ്രീനാരായണ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ടി.എസ്.ഹരീഷ് കുമാര്‍ വിശദീകരണവും നടത്തും.
20120024



