തെക്കൻ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 179 പേരും മരിച്ചതായി റിപ്പോർട്ട്.


മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ വിമാന ജീവനക്കാരനും മറ്റൊരാൾ യാത്രക്കാരനുമാണ്. വിമാനത്തിൻ്റെ ഏറ്റവും പിന്നിലിരുന്നവരാണ് രക്ഷപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ ഒൻപതോടെ തായ്ലൻഡിലെ ബാങ്കോക്കിൽ നിന്നെത്തിയ ബോയിംഗ് 737-800 ജെറ്റ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സിഗ്നൽ സംവിധാനത്തിലും സമീപത്തെ കോൺക്രീറ്റ് വേലിയിലും ഇടിച്ചുതകരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പക്ഷി ഇടിച്ചതുമൂലം ലാൻഡിംഗ് ഗിയർ തകരാറിലായതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മരിച്ചവരിൽ കൂടുതലും കൊറിയക്കാരാണ്. രണ്ടുപേർ മാത്രമാണ് തായ്ലൻഡ് സ്വദേശികൾ. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുക്കുന്നതോടെ അന്വേഷണം കൂടുതൽ വേഗത കൈവരിക്കും. അട്ടിമറി സാദ്ധ്യതയുണ്ടോ എന്നും പരിശോധിക്കും.


