സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ച് എ ഗ്രേഡ് നേടുന്നവർക്കുള്ള സാംസ്‌കാരിക സ്കോളർഷിപ്പിൻ്റെ തുക കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഇപ്പോഴുള്ള ആയിരം രൂപ 1500 രൂപയായി വർധിപ്പിക്കുന്നതു പരിഗണിച്ചു വരുന്നതായി മന്ത്രി ഉദ്ഘാടനവേദിയിൽ പ്രഖ്യാപിച്ചു.കലോത്സവത്തിൽ ആരോഗ്യകരമായ മത്സരം അരങ്ങേറണം. പരസ്‌പരം ബഹുമാനവും സ്നേഹവും വേണം. വിജയമല്ല, പങ്കെടുക്കലാണ് പ്രധാനമെന്നാണ് കുഞ്ഞുങ്ങളോടു പറയാനുള്ളത്.

കല-സാംസ്കാരിക രംഗങ്ങളിലെ എണ്ണമറ്റ പ്രഗത്ഭരുടെ നാടാണ് തിരുവനന്തപുരം. കലാകേരളത്തിൻ്റെ ഭാവി അഭിലാഷങ്ങളെ ഉൾക്കൊള്ളാൻ സജ്ജമാണ് സാമൂഹികപരിഷ്‌കരണം, രാഷ്ട്രീയ പരിവർത്തനം, കലാപരമായ മികവ് എന്നിവയിൽ ഉജ്ജ്വലമായ പുരോഗതിയുടെ ചരിത്രമുള്ള തിരുവനന്തപുരം.


കേരള ചരിത്രത്തിന്റെ ഭാഗമായ സി.വി.രാമൻ പിള്ളയും രാജാരവിവർമയും ഈ ദേശത്തിന്റെ പാരമ്പര്യത്തെ കൂടുതൽ സമ്പന്നമാക്കുന്നു. -മന്ത്രി പറഞ്ഞു.


