പത്തനംതിട്ട: ശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.എൻ.എൽ.


ഇൻ്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എൽ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു.

ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾക്കും ദേവസ്വം ബോർഡിനും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എൻ.എൽ ആണ്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എൻ.എൽ. ഡ്യൂട്ടി ഓഫീസർ സുരേഷ് പറഞ്ഞു.

ശബരിമലയിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകൾക്ക് ബ്രോഡ് ബാൻ്റ് ഇൻ്റെർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതും ബി.എസ്.എൻ.എൽ ആണ്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറയിലൂടെ പത്തനംതിട്ട കളക്ടർ, പത്തനംതിട്ട പോലീസ് എസ്.പി. , ദേവസ്വം വിജിലൻസ് എന്നിവർക്ക് ശബരിമല നിരീക്ഷിക്കാൻ കഴിയും.

കൂടാതെ ആരോഗ്യ വകുപ്പിൻ്റെ എമർജൻസി മെഡിക്കൽ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കും ബി.എസ്.എൻ.എൽ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. 203232 എന്ന നമ്പറിൽ വിളിച്ചാൽ പമ്പയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾറൂമിൽ നിന്ന് അയ്യപ്പഭക്തർക്ക് വൈദ്യസഹായം ലഭിക്കും.

