സിഡ്നി∙ ബോൾ ചെയ്യാൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ…. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യ തോൽവിയിലേക്കു വഴുതുമ്പോൾ, ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്ക് പലവട്ടം ഈ ആഗ്രഹം ഉയർന്നു വന്നിട്ടുണ്ടാകും.



162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്റെ നാലു വിക്കറ്റുകൾ വീഴ്ത്താൻ മുഹമ്മദ് സിറാജ് – പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് സാധിച്ചെങ്കിൽ, ബോളിങ് ആക്രമണത്തിനു നേതൃത്വം നൽകാൻ ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിലോ?

സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളിൽ ഇത്തരം ‘എങ്കിലോ’കൾക്ക് സ്ഥാനമില്ലെങ്കിലും, ബുമ്രയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തന്നെ വിപരീതമായേനെ എന്ന ഓർമപ്പെടുത്തലുമായി സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി.

ഇതോടെ, ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ബോർഡർ –ഗാവസ്കർ ട്രോഫി ഓസ്ട്രേലിയയുടെ ഷെൽഫിലെത്തി. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ 3–1നാണ് ഓസീസിന്റെ വിജയം.

അതിലുപരി, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഈ വർഷം ജൂണിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുമെന്നും ഉറപ്പായി. സിഡ്നി ടെസ്റ്റിൽ ജയിച്ചാൽ മാത്രം ഫൈനൽ കളിക്കാൻ ഇന്ത്യയ്‌ക്കുണ്ടായിരുന്ന നേരിയ സാധ്യത, മത്സരം തോറ്റതോടെ അവസാനിച്ചു.


