കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

കൊച്ചി∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പകരം കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം. പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണം. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണു കോടതി തീരുമാനം. കൊലപാതകമാണോ എന്നടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോ എന്നതിൽ സംശയമുണ്ട് എന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല എന്നും ഹർജിയിൽ കുടുംബം പറഞ്ഞിരുന്നു. കുടുംബം എത്തുന്നതിനു മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഇൻക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നവീന്‍ ബാബുവിനു കൈക്കൂലി നൽകിയെന്ന പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ല എന്നും ഹർജിയിൽ പറഞ്ഞിരുന്നു. കേസിൽ  കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയില്ലെന്നും തെളിവുകൾ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണു ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.



നിലവിലെ അന്വേഷണ സംഘം നല്ലതാണ്. എന്നാല്‍ പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുക. അതിനാൽ മറ്റൊരു എജന്‍സി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ദിവ്യയെ സംരക്ഷിക്കും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്.

ദിവ്യ ജാമ്യം ലഭിച്ചു ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ പോയത് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണെന്നും പ്രബലരാണു കേസിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നതിനാൽ നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!