വർക്കല: ചിന്താ പ്രധാനങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നവീന കവിതയുടെ സൃഷ്ടാവാണ് മഹാകവി കുമാരനാശാനെന്ന് ചരിത്രഗവേഷകൻ ജി. പ്രിയദർശനൻ പറഞ്ഞു. മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംഘടിപ്പിച്ച നവോത്ഥാന സന്ദേശ ജാഥയ്ക്ക് മൈതാനം മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയത്തിൽ നിന്ന് പുറപ്പെട്ട് ഹൃദയത്തിൽ കൊള്ളുന്ന വാക്കുകളായിരുന്നു ആശാൻ കവിതകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മുന്നോട്ടുവച്ചത്.

സാമൂഹ്യ പരിവർത്തനത്തിനു വേണ്ടി ശക്തിയുക്തം പ്രവർത്തിച്ച അദ്ദേഹം ഭാഷയുടെ പരിഷ്കാരത്തിനും അളവറ്റ സംഭാവനകൾ നൽകി എന്നും പ്രിയദർശനൻ പറഞ്ഞു. ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് സെക്രട്ടറി പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.


നഗരസഭാ ചെയർമാൻ കെ .എം. ലാജി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജെ. ശശാങ്കൻ, ആചരണ സമിതി സംസ്ഥാന കൺവീനർ പ്രൊഫ. കെ..പി. സജി, സൗഭാഗ്യ കുമാരി,ബാനർ സാംസ്കാരിക സമിതി സംസ്ഥാന കൺവീനർ കെ. കെ. സുരേന്ദ്രൻ, ജാഥാംഗങ്ങളായ റെജി മലയാലപ്പുഴ, ഷൈലജ ടീച്ചർ, ഷോണി ജി ചിറവിള, ആചരണ സമിതി ജില്ലാ ചെയർമാൻ എം.പി. സുഭാഷ്, ജില്ലാ കൺവീനർ ആർ .ബിജു, അഡ്വ.ആർ. അപർണ, കെ. ശൈവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി നടന്ന കാവ്യ ആലാപനത്തിന് ജി. മനോഹർ നേതൃത്വം നൽകി. ഡോ. വെൺ മതി ശ്യാമളൻ, പൂവത്തൂർ സദാശിവൻ, ഷോണി ജി. ചിറവിള തുടങ്ങിയർ കാവ്യാലാപനം നടത്തി.

വിദ്യാർത്ഥികളുടെ സാംസ്കാരിക പ്രസ്ഥാനം വൈറ്റ്റോസ് അവതരിപ്പിക്കച്ച നൃത്തശില്പം , ഗാനസദസ്സ് എന്നിവ അരങ്ങേറി. ജനുവരി 10 ന് കായിക്കരയിൽ നിന്നാരംഭിച്ച നവോത്ഥാന സന്ദേശ യാത്ര 16 ന് പല്ലന ആശാൻ സ്മൃതികുടീരത്തിൽ സമാപിക്കും.

ഫോട്ടോ: മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതിയുടെ നവോത്ഥാന സന്ദേശ ജാഥയ്ക്ക് വർക്കല മൈതാനത്ത് നൽകിയ സ്വീകരണയോഗം ജി.പ്രിയദർശനൻ ഉദ്ഘാടനം ചെയ്യുന്നു.


