സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് കുഞ്ഞനുജന്റെ ജീവൻ രക്ഷിച്ച മൂന്നാം ക്ലാസുകാരിയുടെ ധീരതക്കും രാജ്യത്തിന്റെ അംഗീകാരം.

ഇന്നലെ പ്രഖ്യാപിച്ച ജീവൻ രക്ഷാപതകിന് കേരളത്തില്‍ നിന്നും അർഹരായ രണ്ടുപേരില്‍ ഒരാള്‍ മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ പത്തുവയസുകാരി ദിയ ഫാത്തിമയാണ്.

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ചാണ് ഈ മൂന്നാംക്ലാസുകാരി രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ അർഹയായത്.

2023 ഏപ്രില്‍ അഞ്ചിനായിരുന്നു ദിയ ഫാത്തിമ സ്വന്തം ജീവൻ പോലും വകവെക്കാതെ തന്റെ കുഞ്ഞനുജന്റെ ജീവൻ രക്ഷിച്ചത്. മാങ്കാംകുഴി സ്വദേശി സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ. ദിയ ഫാത്തിമയെ കൂടാതെ ദുനിയ ഫാത്തിമ, ഇവാൻ എന്നിങ്ങനെ മൂന്നു മക്കളാണ് ദമ്ബതികള്‍ക്ക്.

മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടുവയസ്സുകാരൻ ഇവാൻ കിണറ്റില്‍ വീഴുകയായിരുന്നു. മഴ ചാറിയപ്പോള്‍ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്.

ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അക്കു എന്നുവിളിപ്പേരുള്ള ഇവാനാണ് അപകടത്തില്‍പെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പില്‍ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു.

ദിയ നിലവിളിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും രണ്ട് കുട്ടികളേയും പുറത്തേക്കെടുക്കുകയായിരുന്നു.

കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ദിയ ഫാത്തിമയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്.


