വയനാട്ടില്‍ ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള ദൗത്യം തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതിനായി പ്രത്യേക കര്‍മ പദ്ധതി നടത്തുമെന്നും മന്ത്രി പറഞ്ഞു.

ദൃത്യസംഘത്തിലുള്ള ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി, ദൗത്യസംഘം രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്നും പറഞ്ഞു. നാട്ടുകാര്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും നിലവിലുള്ള RRT സംഘം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

വയനാട് പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഓപറേഷന്‍ സംഘത്തിൻ്റെ തെരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും.

കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.




