കൽപ്പറ്റ∙ പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി.പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

കടുവയുടെ ശരീരത്തിൽ പരുക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.


കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ചത്തതെന്നാണ് സംശയം.

വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടപ്പോൾ കടുവ അവശനിലയിലായിരുന്നു. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള ഉദ്യോഗസ്ഥരെ വരുത്തി. എന്നാൽ അവരെത്തി മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നു.




