കൊച്ചി∙ ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. 6 ദിവസമായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.

ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.


ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ പരുക്കേറ്റ നിലയിൽ ബന്ധു കണ്ടെത്തിയത്.കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അർധനഗ്നയായാണു വീട്ടിൽ കിടന്നിരുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണു പൊലീസ് കേസെടുത്തിട്ടുള്ളത്.

ക്രൂരപീഡനങ്ങളാണു പെൺകുട്ടി നേരിട്ടതെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് ആണ്‍സുഹൃത്തുക്കളെ ചൊല്ലിയായിരുന്നു ആക്രമണം. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ലൈംഗികമായും ആക്രമിച്ചു. ചുറ്റിക കൊണ്ടു ഇടിച്ചു

സഹികെട്ട പെൺകുട്ടി താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞ് ഷാൾ കഴുത്തിലിട്ടപ്പോൾ ‘പോയി ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.

പെൺകുട്ടി തൂങ്ങിയതോടെ പരിഭ്രാന്തനായ അനൂപ് ഷാൾ കത്തികൊണ്ടു മുറിച്ചു. താഴെ വീണ പെൺകുട്ടി വേദന കൊണ്ട് അലറി വിളിച്ചപ്പോൾ ഇയാൾ വായ പൊത്തിപ്പിടിച്ചു എന്നാണു പൊലീസ് പറയുന്നത്.

അനക്കമറ്റ പെൺകുട്ടി മരിച്ചു എന്നു കരുതി 4 മണിക്കൂറിനു ശേഷം ഇയാൾ വീടിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേക്കു പോവുകയായിരുന്നു. കഴുത്ത്, തല, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടായ പരുക്കാണു മരണകാരണമായത് എന്നാണു പ്രാഥമിക നിഗമനം.


