കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം സ്കൂളുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തിൽ സ്‌കൂളുകൾ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങൾ ഉണ്ട് എന്ന കാര്യം ഞാൻ ഇവിടെ രേഖപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. ജൂൺ മാസം ഒന്നാം തിയ്യതിയാണ് സ്കൂൾ തുറക്കുന്നത്. എനിക്ക് കിട്ടിയ ഊഹം ശരിയാണെങ്കിൽ ചില സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സിന്റെ അഡ്മ്‌മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.


ഒന്നാം ക്ലാസ്സിൻ്റെ അഡ്മിഷൻ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയും കൂടി ഉണ്ട്. അത് കേരളത്തിൽ അംഗീകരിച്ച് കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഒരു ഇൻ്റർവ്യു ഉണ്ട്. ഇക്കാര്യങ്ങൾ ശരിയല്ല.

ഒന്നാം ക്ലാസ്സിൽ അക്കാഡമിക് ആയി ഒരു കാര്യവും പഠിപ്പിക്കില്ല എന്നാണ് ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. പാഠപുസ്തകവും വേണ്ട, എൻട്രൻസ് പരീക്ഷയും വേണ്ട, അവൻ സന്തോഷത്തോടുകൂടി സ്‌കൂളിൽ വരട്ടെ, അവൻ പ്രകൃതിയെ മനസ്സിലാക്കട്ടെ, അവൻ ഭരണഘടനയുടെ കാര്യങ്ങൾ മനസ്സിലാക്കട്ടെ, ഒരു പൗരൻ എന്ന നിലയിൽ വളർന്നു വരുമ്പോൾ ശീലിക്കേണ്ട കാര്യങ്ങൾ മനസ്സിലാവട്ടെ.

അതെല്ലാം മനസ്സിൽ കേറുന്ന സമയം ഈ ഒന്നാം ക്ലാസ്സുകളിലോക്കെയാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസ്സുകളിൽ ഒരു സിലബസ്സും ഇല്ല’- വി.
ശിവൻകുട്ടി പറഞ്ഞു.

ഗവ. സ്കൂൾ ആയാലും സ്വകാര്യ സ്കൂൾ ആയാലും, പി ടി എ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും നൂറ് രൂപ അമ്പത് രൂപ വെച്ച് വാങ്ങുന്നത് മനസ്സിലാക്കാം .

ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങൾ ഉണ്ട് എന്ന കാര്യം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കർശന നടപടി അത്തരം സ്കൂളുകൾക്ക് എതിരെ എടുക്കും. അത്തരം പിടിഎ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്ന പ്രശ്‌നം ഇല്ല. വളരെ കർശനമായി നിലപാട് അക്കാര്യത്തിൽ സ്വീകരിക്കുന്നതാണെന്ന്’ മന്ത്രി വ്യക്തമാക്കി.


