ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് 6ന് അവസാനിക്കും. മറ്റന്നാളാണ് തിരഞ്ഞെടുപ്പ്. ഇന്നു വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണമാണ്.



അവസാന 48 മണിക്കൂറിൽ നിയമ വിരുദ്ധമായി കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഇന്നലെ ആർകെ പുരത്ത് ഉൾപ്പെടെ ബിജെപി 51 പ്രചാരണ പരിപാടികളും റാലികളും സംഘടിപ്പിച്ചിരുന്നു. ഇന്നും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

രാജിവച്ച എംഎൽഎമാർ ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണത്തിൽ സജീവമാകുമ്പോൾ പാർട്ടിയുടെ വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയാണ് എഎപിക്ക്.രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.

തിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


