ലക്നൗ ∙ എസ്‌യുവി കാറും 25 ലക്ഷം രൂപയും ഉൾപ്പെടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർതൃവീട്ടുകാർ ബലമായി യുവതിക്കു എച്ച്ഐവി കുത്തിവച്ചെന്നു ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കോടതി ഉത്തരവിനെ തുടർന്നു കേസ് റജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകൾ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണു നടന്നത്. എസ്‌യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് പിതാവ് നൽകിയ പരാതിൽ പറയുന്നു.

ഇത്രയും വലിയ സ്ത്രീധനം നൽകാനാകില്ലെന്നു കുടുംബം അറിയിച്ചതോടെ ഭർതൃവീട്ടുകാർ ചേർന്നു യുവതിയെ വീട്ടിൽനിന്നു പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്കു തിരിച്ചയച്ചു.

എന്നാൽ യുവതി വീണ്ടും ശാരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നു. തുടർന്ന് എച്ച്ഐവി കുത്തിവച്ചു യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായാണു പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി. ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവാണ്. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.




