ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥിക്കെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന.

കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ ആയിരിക്കുമല്ലോയെന്നും അമ്മ മനോരമ ഓൺലൈനോട് പറഞ്ഞു. മകനു നീതി കിട്ടാൻ വേണ്ടി പോരാടും. പഴയതു പോലെ അവൻ പഠിക്കാൻ പോകുന്നത് കാണണം.

എൻജിനീയറിങ്ങിനു പോകണമെന്നായിരുന്നു താൽപര്യം. മെറിറ്റിൽ അഡ്മിഷൻ കിട്ടിയില്ല. അല്ലാതെ പഠിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല. ഞങ്ങൾക്കും അതു വലിയ വിഷമമായിരുന്നു.

മനസില്ലാ മനസോടെയാണ് അവൻ ബയോടെക്നോളജിക്ക് ചേർന്നത്. അടുത്ത വർഷം എൻജിനീയറിങ്ങിനു കയറുമെന്നൊക്കെ പറഞ്ഞാണ് കോളജിലേക്ക് പോയി തുടങ്ങിയത്. പക്ഷേ പതിയെ പതിയെ അവനു ബയോടെക്നോളജി ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ അവൻ പഠിച്ചുവരികയായിരുന്നു.

പൊലീസിൽ പരാതി നൽകിയപ്പോൾ കോളജിൽ അന്വേഷിച്ച ശേഷം കേസെടുക്കാമെന്നാണ് പറഞ്ഞത്. അതാണ് കേസെടുക്കുന്നത് നീണ്ടത്. കോളജിൽ അന്വേഷിച്ച് എല്ലാം ബോധ്യമായ ശേഷമാണ് അവർ കേസെടുത്തത്’’ – കഴക്കൂട്ടം പൊലീസ് കേസെടുക്കാൻ വൈകിയെന്ന ആക്ഷേപത്തിന് ബീനയുടെ മറുപടി ഇതായിരുന്നു.

കോളജിൽ പോയാൽ ക്ലാസിൽ നിന്നിറങ്ങാത്ത ഒരാളാണ് മകൻ. ക്ലാസും ലാബുമാണ് അവന്റെ കോളജ് ജീവിതം. മറ്റൊന്നിനും സമയം കിട്ടാറില്ലായിരുന്നു. അധികം പേരോടും സംസാരിക്കാനും പോകില്ലായിരുന്നു. അടിച്ചതു ക്ഷമിക്കാൻ തയാറായിരുന്നു.

പക്ഷേ മുറിയിൽ പൂട്ടിയിട്ട് വെള്ളം ചോദിച്ചപ്പോൾ പോലും കൊടുത്തില്ല. ടീഷർട്ട് വലിച്ചുകീറിയപ്പോൾ അത് കഴുത്തിൽ കുരുങ്ങി. അവന് അപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ….’’ – പൊട്ടിക്കരഞ്ഞുകൊണ്ട് ബീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!