വർക്കല സബ് ആർ.ടി.ഓഫീസിലെ എം.വി.ഐ, എ.എം.വി.ഐ തുടങ്ങി മറ്റ് ജീവനക്കാരുടെ കുറവുമൂലവും സബ് ആർ.ടി ഓഫീസിന് അനുവദിച്ചിരുന്ന വാഹനം ഒന്നര വർഷമായി കട്ടപ്പുറത്ത് ആയതിനാലും വർക്കല സബ് ആർ.ടി.
ഓഫീസിലെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണെന്ന് ബിജെപി പാർലമെന്ററി
പാർട്ടി ലീഡർ അഡ്വ.ആർ.അനിൽകുമാർ പറഞ്ഞു.

പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമായ വർക്കല സബ് ആർ.ടി.ഒ അനുവദിച്ചിട്ട് നാലു വർഷം ആകുമ്പോഴും ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം മന്ദഗതിയിൽ ആയത് മൂലം കൃത്യമായ വാഹന പരിശോധനയോ
ട്രാഫിക് നിയന്ത്രണങ്ങളോ നടക്കാത്തത് മൂലം നിരവധി റോഡപകടങ്ങളാണ് ദിവസവും വർക്കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.


ലേണേഴ്സ് ലൈസൻസിന് അപേക്ഷിച്ചാൽ തന്നെ ഒരു മാസം കഴിഞ്ഞാണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ടെസ്റ്റ് പാസ്സായാൽ വീണ്ടും മൂന്നോ നാലോ മാസം കഴിഞ്ഞാണ് ഡ്രൈവിംഗ് ടെസ്റ്റിന് തീയതി നൽകുന്നത്.

ഇത് അന്യസംസ്ഥാനങ്ങളിലും വിദേശത്തും ജോലി തേടി പോകുന്നവർക്കും വിദ്യാഭ്യാസത്തിനായ് പോകുന്നവർക്കും വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ആക്ഷേപമുണ്ട്.

വർക്കല സബ് ആർ.ടി.ഓഫീസിനോടുളള അധികാരികളുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് അഡ്വ.ആർ.അനിൽകുമാർ, മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ എന്നിവർ പറഞ്ഞു.


