പോത്തൻകോട് : ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിന ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന ഫെസ്റ്റിൽ നബാർഡിന്റെ ആഭിമുഖ്യത്തിൽ കാർഷികമേളയ്ക്ക് തുടക്കമായി. പ്രദേശത്തെ കർഷകർ കാത്തിരുന്ന വിപണനമേളയ്ക്കാണ് ഇതോടെ തുടക്കമായത്.

നാടൻ ഏത്തക്കുലകൾ, വളളിപ്പയർ, കുമ്പളം, തക്കാളി, വെളളരിക്ക, പപ്പായ, കത്തിരി തുടങ്ങിയ പച്ചക്കറികളൂമായി പ്രാദേശിക കർഷകർ ആദ്യമെത്തി. ജൈവ പച്ചക്കറികൾക്കൊപ്പം ഇല വർഗ്ഗങ്ങളും മേളയിൽ നിറഞ്ഞു. മുരിങ്ങയിലയ്ക്കും ചീരയ്ക്കും ആവശ്യക്കാർ ഏറെയായിരുന്നു.

മൂന്നു വയസ്സു മുതൽ അപ്പൂപ്പനൊപ്പം കൃഷി ആരംഭിച്ച കുട്ടി കർഷകൻ ആരുഷായിരുന്നു മേളയിലെ താരം. മാണിക്കൽ ഗ്രാമപഞ്ചായത്ത് കാർഷിക വികസന ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാർത്ഥി കർഷകനുളള അവാർഡ് ജേതാവ് കൂടിയാണ് ആരുഷ്. മേളയിൽ ആരുഷിന്റെ കൃഷി വിഭവങ്ങളുമുണ്ട്.

ഒരു മാസത്തോളം നീണ്ടൂനിൽക്കുന്ന മേളയുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എൻ. കുറുപ്പ് നിർവഹിച്ചു.

പ്രാദേശിക കർഷകർക്ക് തങ്ങളുടെ വിളകൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്താനുളള അവസരമാണ് നബാർഡ് കാർഷികമേളയിലൂടെ ലഭിക്കുന്നത്.
മേളയ്ക്കു പുറമെ പ്രദർശനനഗരിയിൽ നബാർഡിന്റെ സ്റ്റാളും തുറന്നിട്ടുണ്ട്.


