പോത്തൻകോട് : വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവ് പകരുന്നതിനൊപ്പം വ്യക്തിവികാസത്തിനു കൂടി വഴികാട്ടുന്ന ഗുരുകുലസമ്പ്രദായത്തിന്റെ തത്വങ്ങള്‍ ഉള്‍ക്കൊളളുന്ന വിദ്യാഭ്യാസമാണ് ഇന്നത്തെ സാഹചര്യങ്ങളില്‍ നാടിന് ആവശ്യമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കണ്ടറി സ്കൂളിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ജീവിതത്തിന്റെ വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രാരാബ്ദങ്ങളും മക്കളെ അറിയിക്കാതെ വളര്‍ത്തിയാല്‍ സ്വന്തം ജീവിതത്തിന്റെ തീരുമാനമെടുക്കുന്ന സമയത്ത് അവര്‍ അച്ഛനമ്മമാരെക്കൂടി ഉപേക്ഷിച്ചു പോകുന്ന സ്ഥിതിവിശേഷമാണ് ഇന്നുളളത്.

വിദ്യാര്‍ത്ഥികളില്‍ അക്രമിച്ചു വരുന്ന അക്രമവാസനകളും ലഹരി ഉപയോഗവും തടയാന്‍ വിദ്യാലയങ്ങളില്‍ ആത്മീയവും ധാര്‍മ്മികവുമായ ചിട്ടകള്‍ പഠിപ്പിക്കണമെന്നും അതു മതപരമല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.

സിനിമതാരവും സാമൂഹ്യപ്രവര്‍ത്തകയുമായ സീമ ജി നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ശാന്തിഗിരി ആശ്രമം എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ ഉമേഷ് ബാബു.എ.റ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശ്രമം ഉപദേശകസമിതി കമ്മ്യൂണിക്കേഷൻസ് അഡ്വൈസര്‍ സബീര്‍ തിരുമല,

ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപ എസ്.എസ്, വൈസ് പ്രിന്‍സിപ്പാള്‍ ശ്രീജിത്ത്.എസ്.വി, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്മിജേഷ് .എസ്.എം, ഫാദര്‍ ജോണ്‍സ്, രാജീവ്.എസ്.എസ്, ബിന്ദു സുനില്‍, ഇവ ദിലീപ്, ദീപ്തി .എസ്.ദിവ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കലാജ്ഞലി പരിപാടി വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമായി.


