അന്‍വറിന് ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കെ സുധാകരന്‍

അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ l. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടരും. അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും. എന്നാല്‍ മത്സരം കടുക്കും. അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിനും സര്‍ക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അന്‍വറിലേക്ക് യുഡിഎഫിനെ ആകര്‍ഷിച്ചത്. യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള അന്‍വറിന്റെ തീരുമാനങ്ങളും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. ഇപ്പോഴും അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകും. അതില്‍ തര്‍ക്കമൊന്നുമില്ല. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ്, സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നതായി അന്‍വര്‍ പറഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ സതീശന്‍ തന്നെ കൈപിടിച്ചു കൊണ്ടു വന്നേനെയെന്ന് സുധാകരന്‍ പറഞ്ഞു.

യുഡിഎഫില്‍ ഞങ്ങള്‍ക്കാര്‍ക്കും അന്‍വറിനോട് വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അദ്ദേഹം വരുമെന്ന് അറിയിച്ചാല്‍ കൂടെ നിര്‍ത്തുന്നതിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. പ്രതിപക്ഷ നേതാവ് അയഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. പ്രതിപക്ഷ നേതാവ് അയഞ്ഞതു കൊണ്ട് മാത്രം കാര്യമില്ല. പ്രതിപക്ഷ നേതാവ് അയയുമ്പോള്‍, അന്‍വര്‍ കൂടെ അയയണം. ഒരാള്‍ അയഞ്ഞതുകൊണ്ട് കാര്യമില്ല. രണ്ടുപേരും അയഞ്ഞാലേ തീരുമാനമാകൂ എന്നും കെ സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുമ്പോള്‍, ആ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നയാളുടെ ഒപ്പം പോകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?. അന്‍വറിന്റെ വികാരത്തെ ഒന്നു മയപ്പെടുത്തി കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ അതിനെല്ലാം വിലങ്ങുതടിയായി മാറിയത് ആര്യാടന്‍ ഷൗക്കത്തിനെതിരായ അന്‍വറിന്റെ തന്നെ പ്രതികരണങ്ങളാണെന്ന് കെ സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!