വർക്കല : 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗുരുധര്‍മ്മ പ്രചരണസഭ ഗുരുദൃശ്യം 2023 എന്ന പേരില്‍ വിപുലമായൊരു ചിത്രപ്രദര്‍ശനം തീര്‍ത്ഥാടകര്‍ക്കായി ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ ഒരുക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍റെ ജീവിതത്തിലേക്കും ചരിത്രമുഹൂര്‍ത്തങ്ങളിലേക്കും ദര്‍ശനത്തിലേക്കും നവോത്ഥാന മുന്നേറ്റങ്ങളിലേക്കും വെളിച്ചം വീശുന്ന അപൂര്‍വ്വ ചിത്രങ്ങളുടെ ഈ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെ നീണ്ടുനില്‍ക്കും. ഗുരുദേവന്‍റെ വിവിധ കാലഘട്ടങ്ങളിലുള്ള അപൂര്‍വ്വ ചിത്രങ്ങള്‍, ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍, സ്ഥാപിച്ച വിദ്യാലയങ്ങള്‍, ഗുരുദേവന്‍ ഉപയോഗിച്ച ദിവ്യ വസ്തുക്കള്‍, ഗുരുദേവന്‍ സന്ദര്‍ശിച്ച ഗൃഹങ്ങള്‍, ഗുരുദേവന്‍റെ നേരിട്ടുള്ള സംന്യസ്ത ശിഷ്യന്‍മാര്‍, ഗുരുദേവന്‍റെ കൈപ്പടയിലുള്ള സന്ദേശങ്ങള്‍, ഗുരുദേവനെ സന്ദര്‍ശിച്ചിട്ടുള്ള മഹാന്‍മാര്‍, ധര്‍മ്മസംഘത്തിന്‍റേയും എസ്.എന്‍.ഡി.പി. യോഗത്തിന്‍റേയും ചരിത്ര ഏടുകള്‍ തുടങ്ങി സമഗ്രമായ അറിവിലേക്ക് നയിക്കുന്ന ഈ ചിത്രപ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 25 ന് രാവിലെ 10 മണിക്ക് യോഗനാദം ന്യൂസ് ചെയര്‍മാന്‍ സൗത്ത് ഇന്ത്യന്‍ വിനോദ് നിര്‍വ്വഹിക്കും.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി തുടങ്ങിയ സംന്യാസി ശ്രേഷ്ഠര്‍ ചടങ്ങില്‍ സംബന്ധിക്കും. ചിത്രപ്രദര്‍ശനത്തിലേക്ക് ഒട്ടേറെ ചിത്രങ്ങള്‍ തയ്യാറാക്കി തന്ന കളര്‍പാര്‍ക്ക് ഉടമ ജി. പത്മകുമാറിനേയും ഗുരുദേവ ശിഷ്യന്‍മാരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കിയ കാളിദാസന്‍ ഷിബു കട്ടപ്പന, പി.എന്‍ സജി എന്നീ കലാകാരന്‍മാരേയും ചടങ്ങില്‍ ആദരിക്കും.
