ശാസ്ത്രീയ തെങ്ങു കൃഷി പദ്ധതിയുമായി ഇടവ കൃഷിഭവൻ

ശാസ്ത്രീയ തെങ്ങ് കൃഷിയിലൂടെ സമഗ്ര നാളികേര വികസന പദ്ധതി ലക്ഷ്യമിട്ട് ഇടവ കൃഷിഭവൻ. ഇടവ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാളികേര വികസന പദ്ധതി ഇടവ കൃഷിഭവൻ നടപ്പാക്കുന്നത്. പദ്ധതിയുടെ തുടക്കം എന്ന നിലയിൽ തെങ്ങുകൾക്ക് തടം തുറക്കൽ പരിപാടി ആരംഭിച്ചു.

യന്ത്രം കൊണ്ട് തടം തുറക്കുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ശുഭ.ആർ.എസ്. കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, ബിന്ദു. സി, ശ്രീദേവി.എസ്, ജെസി.ബി, റിയാസ് വഹാബ്, സിമിലിയ. എ, കൃഷി ഓഫീസർ അനശ്വര ആർ. എസ്, കൃഷി അസിസ്റ്റന്റ് അനീഷ്.എസ്. യേശുദാസൻ എന്നിവരെ കൂടാതെ കാർഷിക കർമ്മ സേന ഭാരവാഹികളും, കർഷകരും, ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. സമഗ്ര നാളികേര വികസന പദ്ധതിയുടെ ഭാഗമായി 18 ഹെക്ടർ സ്ഥലത്താണ് ശാസ്ത്രീയ തെങ്ങ് കൃഷി നടപ്പാക്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്.

യന്ത്രം ഉപയോഗിച്ച് തെങ്ങിന്റെ തടം തുറക്കൽ, തുടർന്ന് വളപ്രയോഗവും സംയോജിത കീടനിർമാർജനവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇടവയിലെ കാർഷിക കർമ്മ സേനയുടെ സഹായം ഇതിനായി ലഭ്യമാകും.

തടം തുറക്കുന്ന ട്രാക്ടർ യന്ത്രം ഉൾപ്പെടെ പദ്ധതിക്കായി എട്ടു ലക്ഷം രൂപയാണ് ഇടവ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 2.5 ലക്ഷം രൂപ ചെലവിലാണ് തടം തുറക്കൽ യന്ത്രം കൃഷിഭവൻ സ്വന്തമാക്കിയിരിക്കുന്നത്. കാർഷിക കർമ്മ സേനയാണ് യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!