കേരള സർവകലാശാല മലയാളവിഭാഗം എ.ആർ.രാജരാജ വർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘യന്ത്രവിവർത്തനം’ ശില്പശാല സമാപിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി എം രാധാമണി ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ എ യു – കെ ബി സി ഗവേഷണ കേന്ദ്രം, പ്രോഗ്രാം ഡയറക്ടർ ഡോ. എൽ ശോഭ മുഖ്യപ്രഭാഷണം നടത്തി. ഭാഷിണി പദ്ധതിയുടെ സംസ്ഥാനതല മാനേജർ അജിത് പി. സുരേഷ്, കേരള സർക്കാരിന്റെ ഐസിഫോസ് പ്രോഗ്രാം ഡയറക്ടർ ഡോ. രാജീവ് ആർ. ആർ., കാർണെഗി മെലൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എ ഐ/എംഎൽ റിസേർച്ചർ അനന്യ അയാസി എന്നിവരും ഐ സി ഫോസിലെ നിരവധി വിദഗ്ധരും വിവിധ സെഷനുകളിലായി പങ്കെടുത്തു. നോഡൽ ഓഫീസറും സീനിയർ പ്രൊഫസറുമായ എ.ബിജുകുമാർ, പദ്ധതിയുടെ സർവകലാശാലാതല കോ- ഓർഡിനേറ്റര്‍ ഡോ. വിജി വിജയൻ, ശില്പശാലയുടെ കൺവീനർ പ്രൊഫ. സീമാ ജെറോം, ഓർഗനൈസിംഗ് സെക്രട്ടറിമാരായ പ്രൊഫ. സി. എ. ലാൽ, പ്രൊഫ. കെ. കെ. ശിവദാസ്, ഡോ. എസ്. സുജ എന്നിവര്‍ സംസാരിച്ചു.

പ്രാദേശികഭാഷാ വികസനം ലക്ഷ്യമിട്ടുകൊണ്ട് പി. എം. ഉഷ പ്രോജക്ടിന്റെ ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന വിവിധ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ശില്പശാലയില്‍ ബിരുദ- ബിരുദാനന്തരവിദ്യാർഥികളും ഗവേഷകരുമുൾപ്പെടെ എൺപത് പേര്‍ പങ്കെടുത്തു.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും കൃത്യതയോടെ യന്ത്രവിവർത്തനം സാധ്യമാക്കുന്നതിനാവശ്യമായ കോർപസ് ഇനിയും സാങ്കേതികമേഖലയിൽ സജ്ജമാക്കേണ്ടതുണ്ട് എന്നും ഭാഷാപഠനവും ഗവേഷണവും നടത്തുന്നവരുടെ പങ്കാളിത്തം ഈ മേഖലയിൽ അനിവാര്യമാക്കുന്നതിന് സാങ്കേതിക വൈദഗ്ദ്ധ്യം ഉറപ്പാക്കേണ്ടതുമുണ്ടെന്നുമുള്ള ആവശ്യം ശില്പശാലയില്‍ ഉയര്‍ന്നു. എ. ആർ.രാജരാജ വർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെന്റർ ലക്ഷ്യമിട്ടത് അത്തരം ചരിത്രപരമായ ഉദ്യമത്തിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും അവസരമൊരുക്കുക എന്നതാണ്.
