വെട്ടൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

സമഗ്രവും സുസ്ഥിരവുമായ വികസന പ്രവർത്തനങ്ങളുടെ സാക്ഷ്യപ്പെടുത്തലായി വെട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ്സ് വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജനകീയവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിലാകെ മാറ്റംവരുത്തുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. ജനസൗഹൃദ പഞ്ചായത്തായുള്ള മാറ്റത്തിലൂടെ ഗ്രാമപഞ്ചായത്തിന് 2019 മുതൽ തുടർച്ചയായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നു.



സംസ്ഥാന സർക്കാരിൻ്റെ നവകേരളം പദ്ധതിയുടെ ഭാഗമായ ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്കും സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കാൻ കഴിഞ്ഞു. ലിസ്റ്റിൽ ഉൾപ്പെട്ട അർഹതപ്പെട്ട 122 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി. ഇവരിൽ നിന്നുള്ളവർ ഉൾപ്പെടെ 233 ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.


കേരളത്തെ അതിദരിദ്ര മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ 25 കുടുംബങ്ങളെ കണ്ടെത്തുകയും ഈ കുടുംബങ്ങളിൽ ഭൂരഹിത ഭവനരഹിതരായ ഒരു കുടുംബത്തിനും ഭൂമിയുള്ള ഭവനരഹിതരായ രണ്ട് കുടുംബത്തിനും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചുനൽകി. വീട് പുനരുദ്ധാരണ പ്രവൃത്തികൾ ആവശ്യമായ മൂന്ന് കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണ ധനസഹായവും നൽകി. കൂടാതെ ഗുണഭോക്താക്കളിൽ മരുന്നും ഭക്ഷണവും ആവശ്യമുള്ളവർക്ക് അവ നൽകി വരുന്നത് വഴി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.



വർക്കലയുടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട അടുത്ത പ്രദേശമാണ് വെട്ടൂർ. യുനെസ് കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വർക്കല ഫോർമേഷൻ അവസാനിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശത്താണ്. തീരദേശമേഖലയിൽകൂടി കടന്നു പോകുന്ന പൈതൃക ജലപാത റ്റി.എസ് കനാൽ പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കുന്നതിൻറെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ജലപാതയോടൊപ്പം തീരദേശപാതയുടെ നിർമ്മാണവും പൂർത്തീകരിക്കുന്നതോടു കൂടി നെടുങ്കണ്ട മുതൽ ചിലക്കൂർ വരെയുള്ള പ്രദേശം ടൂറിസം മാപ്പിൽ ഇടംപിടിക്കും. പരമ്പരാഗത കയർ, മത്സ്യമേഖലകളെ സംയോജിപ്പിച്ചും, അഞ്ചുതെങ്ങ് കായലുമായി ബന്ധപ്പെട്ടും ഉത്തരവാദിത്ത ടൂറിസം വില്ലേജുകൾ വഴി ടൂറിസം വികസന സാധ്യതകളേറെയാണ്.


ആരോഗ്യ മേഖലയിലും സമഗ്രമായ വികസനമാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ 4.5 കോടി ചിലവിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇത് കൂടാതെ ആയുർവേദ ഹോമിയോ സിദ്ധ ഡിസ്പെൻസറികളും പ്രവർത്തിച്ച് വരുന്നു.



പഞ്ചായത്തിലെ 20 അങ്കണവാടികളിൽ പത്തിനും  സ്വന്തമായി ഭൂമിയും കെട്ടിടവും ഉണ്ട്. കഴിഞ്ഞ 5 വർഷ കാലയളവിൽ 6 അങ്കണവാടികൾക്ക് സ്വന്തമായി ഭൂമിയും, 1 അങ്കണവാടിയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിനും സാധിച്ചു. കാർഷിക മേഖലയിലും പഞ്ചായത്ത് മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. കേര സമൃദ്ധി, ജീവനി, പൂവനി, സുഭിക്ഷ കേരളം പദ്ധതികൾ വിജയകരമായി നടപ്പാക്കി. മൃഗ സംരക്ഷണത്തിലും പഞ്ചായത്ത് മികവ് കാട്ടി. കാലിത്തീറ്റ, പോത്തുകുട്ടി വിതരണം, മുട്ടക്കോഴി വളർത്തൽ, പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി, വനിതകൾക്ക് ആട് വിതരണം, കറവ പശു വളർത്തൽ, ക്ഷീരസമൃദ്ധി ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി, തൃണകം ക്ഷീര കർഷകർക്ക് ക്ഷീര സഹകരണ സംഘം മുഖേന സബ്‌സിഡി നിരക്കിൽ വൈക്കോൽ വിതരണം എന്നിവയും പഞ്ചായത്ത് നടത്തി വരുന്നു. ക്ഷീരഗ്രാമം പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്തിലെ 34 ക്ഷീര കർഷകർക്ക് ഗുണം ലഭിച്ചു. ഇതുവഴി  ക്ഷീരകർഷകരുടെ വരുമാനം വർദ്ധിക്കുന്നതിനോടൊപ്പം പഞ്ചായത്തിലെ പാലുൽപാദനം ഇരട്ടിയായി വർദ്ധിപ്പിക്കാനും പാലുൽപാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുന്ന ലക്ഷ്യത്തിലേക്ക് എത്താനുമായി.


തീരദേശ പഞ്ചായത്തുകളിൽ ഒന്നായ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആറ് വാർഡുകൾ തീരത്തോട് ചേർന്ന് കിടക്കുന്നവയാണ്. ഇവ ഉൾപ്പെടെ പഞ്ചായത്തിലെ പകുതിയിൽ കൂടുതൽ വാർഡുകളിലും ഉപജീവനം മത്സ്യബന്ധനമാണ്. ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതികൾക്ക് പുറമെ സംസ്ഥാന സർക്കാർ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് മുഖേന മത്സ്യ ലഭ്യതയ്ക്കായി ഉൾനാടൻ കായൽ പ്രദേശങ്ങളിൽ മത്സ്യക്കൂട് കൃഷി, ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ എന്നീ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കൂടാതെ മത്സ്യതൊഴിലാളികൾക്ക് മെച്ചപ്പെട്ട സ്‌റ്റോറേജ്, വിപണന സൗകര്യത്തിനായി ഐസ്ബോക്‌സ് വിതരണ പദ്ധതി എന്നിവയും നടപ്പാക്കി വരുന്നു. സംസ്ഥാന സർക്കാരിൻ്റെ പുനർഗേഹം പദ്ധതിയിലുൾപ്പെട്ട പഞ്ചായത്ത് പ്രദേശത്തെ 30 കുടുംബങ്ങൾക്ക് വീടും സ്ഥലവും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുനിൽലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, വർക്കല ബ്ലോക്ക് മെമ്പർ സ്മിത സുന്ദരേശൻ പഞ്ചായത്ത് സെക്രട്ടറി അനൂപ് മറ്റ് മെമ്പർമാർ, കുടുംബശ്രീ ഹരിതകർമ്മസേനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!