വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും അവതരിപ്പിച്ച് വിതുര പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. സാധാരണകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകൾ മികച്ച നേട്ടം കൈവരിച്ചുവെന്ന് വികസന സദസ്സ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജി. സ്റ്റീഫൻ എം.എൽ എ പറഞ്ഞു. അസാധ്യമെന്ന് കരുതിയ പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.


വിതുര ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ കൈപുസ്തകം യോഗത്തിൽ പ്രകാശനം ചെയ്തു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി 102 കുടുംബങ്ങളെ കണ്ടെത്തി.100 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്നും മുക്തമായതായി യോഗത്തിൽ അറിയിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം 665 ഗുണഭോക്താക്കൾ കരാറിലേർപ്പെട്ടു. 478 വീടുകൾ പൂർത്തീകരിച്ചു. 187 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.

ആദിവാസി കോളനികളുടെ ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി താച്ചറക്കാല, കല്ലൻകുടി, ചെമ്പൻകുന്ന് എന്നീ ആദിവാസി ഊരുകളുടെ സമഗ്ര വികസനത്തിന് ഭവനം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനായി വിവിധ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമിച്ചു നൽകിയിട്ടുണ്ട്.

ബോണക്കാട് എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണം
ബോണക്കാട് എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന 155 തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒരു സുപ്രധാന ക്ഷേമപദ്ധതിയാണ്. അനുവദിച്ച 14 കോടി ഉപയോഗിച്ച് ജില്ലാ നിർമ്മിതി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, തൊഴിലാളികൾക്ക് സുരക്ഷിതമായ വാസസ്ഥലം ലഭിക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും.

വിതുര ഗ്രാമപഞ്ചായത്ത് തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ (2023- 2024, 2024 -2025) നികുതി പിരിവിൽ 90% നേട്ടം കൈവരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യക്ഷമതയുടെ കാര്യത്തിൽ ഇത് ഒരു അത്യപൂർവ്വമായ നേട്ടമാണ്. നികുതി വരുമാനത്തെ ആശ്രയിച്ചാണ് പഞ്ചായത്തുകൾ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് എന്നതിനാൽ ഈ വിജയം വിതുരയുടെ ഭാവി വികസനത്തിന് വലിയ നേട്ടമാണ്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

